കേരളം
വ്യാജ സർട്ടിഫിക്കറ്റ് നൽകി കരിന്തളം കോളജിൽ ജോലി: കെ. വിദ്യ വീണ്ടും അറസ്റ്റിൽ
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ കോളജിൽ ജോലി തരപ്പെടുത്തിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ അറസ്റ്റിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കെ. വിദ്യയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കെ. വിദ്യയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പൊലീസ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കി കരിന്തളം ഗവ. കോളജിൽ ജോലി തേടിയെന്നാണ് കേസ്. കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പ്രിൻസിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
അതേസമയം, കെ. വിദ്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഒറിജിനൽ സർട്ടിഫിക്കറ്റ് നശിപ്പിച്ചു കളഞ്ഞെന്നാണ് കെ. വിദ്യ അഗളി പൊലീസിന് മൊഴി നൽകിയിരുന്നത്. വ്യാജ രേഖ ഹാജരാക്കി ഒരു വർഷം കെ. വിദ്യ കരിന്തളം ഗവ. കോളജിൽ ജോലി ചെയ്തിരുന്നു.