ദേശീയം
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുത്, വിവേചനം തടയാന്‍ നിയമം കൊണ്ടുവരണം; നിര്‍ദേശങ്ങളുമായി ഹൈകോടതി
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ഗുജറാത്ത് ഹൈകോടതി. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആരാധനാലങ്ങളിലും വിദ്യാലയങ്ങളിലും ഉള്‍പടെ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിയമം കൊണ്ട് വരണം എന്ന് കോടതി സര്‍കാരിനോട് ആവശ്യപ്പെട്ടു.
സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ആര്‍ത്തവമാകുന്നതോടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ ഇതിന്റെ നിരക്ക് 23 ശതമാനമാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കേണ്ടതും അത്യാവശ്യമാണെന്നും അധ്യാപകര്‍ വഴി ഇത് സാധ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ജെ ബി പര്‍ദിവാലാ, ജസ്റ്റിസ് ഇലേഷ് ജെ വോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ആര്‍ത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ കച്ചിലെ ഷഹ്ജ്‌നാന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂടിലെ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ച സംഭവത്തിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 68 പെണ്‍കുട്ടികളെയാണ് വിവസ്ത്രരാക്കി പരിശോധിച്ചത്. ആര്‍ത്തവ സമയത്ത് പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പരിശോധന.