കേരളം
വനിത ശിശുവികസന ഓഫീസുകള്‍ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: മന്ത്രി വീണാ ജോര്‍ജ്
ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട വകുപ്പാണ്. പരാതി പറയാനെത്തുന്നവരെക്കൂടി ഉള്‍ക്കൊള്ളാനാകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചുള്ള ജില്ലാതല ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കുകയാണ് വനിത ശിശു വികസന വകുപ്പിന്റെ ലക്ഷ്യം. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഡേറ്റ ഉണ്ടായിരിക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശേഖരിക്കുന്ന ഡേറ്റകള്‍ ഓരോ മാസവും അവലോകനം നടത്തണം.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഫയലുകള്‍ ഒക്‌ടോബര്‍ പത്തിനകം തീര്‍പ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഓരോ ഫയലുകളും തീര്‍പ്പാക്കാന്‍ തടസമായ കാരണങ്ങള്‍ കൃത്യമായി ബോധിപ്പിക്കണം. ജില്ലാതലത്തിലും വകുപ്പ് തലത്തിലും ഡയറക്ടറേറ്റ് തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഓരോ മാസവും അവലോകനം നടത്തണം. 153 സ്മാര്‍ട്ട് അങ്കണവാടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കണം. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണം.
ജീവനക്കാരുടെ എല്ലാവിധ സര്‍വീസ് ആനുകൂല്യങ്ങളും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കുവാന്‍ കാലതാമസം പാടില്ല. ഏറ്റവും മികച്ച ജോലിയന്തരീക്ഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ ഡയറക്ടര്‍ എസ്. ശിവന്യ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍, വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.