കേരളം
തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്സിന് ഒരുമിച്ചു കുത്തിവച്ചതായി പരാതി
യുവതിക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്സിനും ഒന്നിച്ചു കുത്തിവെച്ചത്.
യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്സീന് എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്സിനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
അതേസമയം സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 50,000ൽ അധികം പേര്‍ക്ക് വാക്സിന് നല്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്സിനേഷന് അഞ്ച് ലക്ഷത്തില്‍ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കിയത്.