ദേശീയം
ഡൽഹി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു
ഡൽഹി റെയിൽവേ സ്റ്റേഷൻ വളപ്പിൽ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജയാണ് മരിച്ചത്. സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത് വൈദ്യുതി പോസ്റ്റില്‍ നിന്നാണ് സാക്ഷിയ്ക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പുലർച്ചെ അഞ്ചരയോടെ രണ്ടു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കുമൊപ്പമാണ് സാക്ഷി റെയിൽവേ സ്റ്റേഷനിലെത്തിയത്. ചണ്ഡീഗഢിലേക്ക് പോകാൻ എത്തിയതായിരുന്നു സാക്ഷി. വാഹനത്തിൽ നിന്ന് ഇറങ്ങിയ സാക്ഷി മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കി നീങ്ങാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതി തൂണിൽ പിടിച്ചത്. തൂണിൽ പിടിച്ച ഉടൻ വൈദ്യുതാഘാതമേറ്റതായാണ് റിപ്പോർട്ട്.
ഷോക്കേറ്റുവീണ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കാര്യത്തിൽ റെയിൽവേയും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇൻസുലേഷൻ തകരാർ മൂലമാണ് കേബിളിൽ നിന്നുള്ള കറന്റ് ചോർച്ചയുണ്ടായതെന്ന് സംശയിക്കുന്നതായി റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒപ്പമുണ്ടായിരുന്ന സഹോദരി മാധവി ചോപ്ര അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലേഡി ഹാർഡിഞ്ച് ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നാണ് വിവരം.