കേരളം
സംസ്ഥാനത്ത് കാറ്റും മഴയും അതി ശക്തമാകുന്നു; കല്ലാർ കുട്ടി ഡാം തുറക്കും
സംസ്ഥാനത്ത് കാറ്റും മഴയും ശക്തമായതിനെ തുടർന്ന് ഇടുക്കി അടിമാലി കല്ലാർ കുട്ടി ഡാം തുറക്കും. ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടൽ. കാറ്റിലും മഴയിലും നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. കാസർഗോഡും മലപ്പുറത്തും കനത്തമഴ തുടരുകയാണ്. പൊന്നാനി തീരപ്രദേശങ്ങളിൽ വെള്ളം കയറി. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ തുറന്നു. അതേസമയം അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യത. 40 കിലോ മീറ്റര്‍വരെ വേഗത്തിലാകും കാറ്റ് വീശുക. ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കിലോ മീറ്റര്‍ മുതല്‍ 88 കിലോ മീറ്റര്‍ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്.
ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് പതിനെട്ടോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്ത മഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശം വിതച്ചു.ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. അഞ്ച് വടക്കന്‍ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.