ദേശീയം
കൊവിഡ് രൂക്ഷമാകുന്നു: ആരെയും ടെസ്റ്റ് ചെയ്യും, വിസമ്മതിച്ചാല്‍ കേസ്
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കൊവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൗരന്മാരുടെ സമ്മതമില്ലാതെ ദ്രുത ആന്‍റിജന്‍ പരിശോധന നടത്തും.
ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബി.എം.സി മുന്നറിയിപ്പ് നല്‍കി.മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് രോഗബാധയിലെ കുത്തനെയുള്ള കുറവിന് 111 ദിവസങ്ങള്‍ക്ക് ശേഷം 40,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്.
വെള്ളിയാഴ്ചയോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2.9 ലക്ഷത്തിൽ എത്തി. മൂന്ന് ദിവസം 54,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളും ഇപ്പോഴാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിൽ ഇത് 90,000ത്തിലധികം വരെ എത്തിയിരുന്നു.രണ്ടാം ഘട്ടത്തിൽ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 25,681 കേസുകളാണ് സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളില്‍ ഇത്രയധികം രോഗബാധയില്ല എന്നത് ആശ്വാസകരമാണ്.
പഞ്ചാബിൽ 2,490 കേസുകളും കേരളത്തിൽ 1,984 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകള്‍ വീണ്ടും അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. മാര്‍ച്ച് 31 വരെ മഹാരാഷ്ട്രയിലെ തീയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും സ്വകാര്യ ഓഫീസുകളിലുമടക്കം 50 ശതമാനം ശേഷിയേ പാടൊള്ളുവെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ജനിതക മാറ്റം സംഭവിച്ച രോഗബാധ കേസുകള്‍ ഇവിടെയുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് എണ്ണത്തിൽ കുത്തനെ ഉയരാൻ കാരണമാകുന്നുവെന്നാണ് കരുതുന്നത്