കേരളം
മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
മൂന്നാറിലെ തോട്ടംമേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും വനപാലകര്‍ നടപടികള്‍ സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം ചൊക്കനാട്ടിലും വട്ടക്കാട്ടിലുമെത്തിയ കാട്ടാന തൊഴിലാളികളുടെ അമ്പലവും ഓട്ടോയും തകര്‍ത്തു. കന്നുകാലികള്‍ക്ക് വെള്ളം നല്‍കുവാന്‍പോയ വിജലക്ഷ്മി കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചെങ്കിലും മൂന്നാറിലെ തോട്ടം മേഖലകളില്‍ എത്തുന്ന കാട്ടാനകളുടെ സഞ്ചാരം നാളിതുവരെ അവസാനിക്കാത്തത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുകയാണ്.ലോക്ക്ഡൗണിനെ തുടര്‍ന്ന് മൂന്നാറിലും പരിസരത്തും എത്തിയ മൂന്ന് ആനകളും ഒറ്റയാനുമാണ് കഴിഞ്ഞ ഒരുവര്‍ഷമായി തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നത്. രാത്രിപകലെന്ന വ്യത്യാസമില്ലാതെ എവിടെയും കറങ്ങിനടക്കുന്ന കാട്ടാനകള്‍ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളും വാഹനങ്ങളും അമ്പലങ്ങളും തകര്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വട്ടക്കാട്ടിലെത്തിയ കാട്ടാന കറുപ്പസ്വാമി അമ്പലം തകര്‍ക്കുകയും പൂജയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുകള്‍ക്ക് ഭക്ഷിക്കുകയും ചെയ്തു. അഞ്ചുമണിയോടെ ചൊക്കനാട് എത്തിയ ഒറ്റയാന്‍ ടെസ്റ്റിന് തയ്യാറാക്കി ഇമ്മാനുവേലിന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു. പശുവിന് വെള്ളം നല്‍കുന്നതിനായി പുറത്തിറങ്ങിയ വിജയലക്ഷമി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ നടന്ന ആക്രമണം വനംവകുപ്പിനെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ പോലും അധിക്യതര്‍ തയ്യറായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.