കേരളം
കാട്ടുപന്നിയെ കൊല്ലാൻ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സർക്കാർ
കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സർക്കാർ. ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാമെന്ന് വനം വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ക്കാണ് അനുമതി. ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും.
വിഷം, സ്ഫോടക വസ്തു എന്നിവയുടെ പ്രയോഗം, വൈദ്യുതി ഷോക്ക് എന്നീ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. പൊതുജനങ്ങളുടെ അപേക്ഷയില്‍ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ സ്വയംവേട്ടയാടി കൊല്ലാനോ അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേന കൊല്ലിക്കാനോ കാരണം വ്യക്തമാക്കി ഉത്തരവ് നല്‍കാം.
കൊല്ലുന്ന വേളയില്‍ മനുഷ്യ ജീവനും സ്വത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. കൊല്ലുന്നവയുടെയും സംസ്‌കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ ഇതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എഴുതി സൂക്ഷിക്കണം. ജനജാഗ്രത സമിതികളുടെ സേവനം കാട്ടുപന്നിയെ കൊല്ലാനും സംസ്‌കാരിക്കാനും ഉപയോഗിക്കാം.
കാട്ടുപന്നിയെ കൊന്ന് ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറാനുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉടന്‍ ഉത്തരവിറക്കുന്നതോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും.