കേരളം
സംസ്ഥാനത്ത് നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിൽ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ കാലവർഷക്കാറ്റിന്റെയും കേരള– കർണാടക മേഖലയിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു കാരണം.
കേരള തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്തു തെക്കു പടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുമ്പേയാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപ്. തുടക്കത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂൺ പകുതിയോടെ ശക്തമാകും എന്നുമാണ് കണക്കുകൂട്ടൽ.