Covid 19
കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് സൂചന; രാജ്യത്തെ വാക്സിനേഷന് വേഗം കൂടും
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്ച അംഗീകാരം നൽകിയേക്കുമെന്ന് സൂചന. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ തദ്ദേശീയ വികസിപ്പിച്ച കോവാക്സിന് ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചതു മുതൽ ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
കോവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡാറ്റകൾ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒയുടെ അനുമതി. കോവാക്സിൻ വളരെ മികച്ചതാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയൻഗെല സിമാവോ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷൻ യോഗം ജൂണിലാണു നടന്നത്.
ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കോവാക്സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാൽ കോവാക്സിൻ ഡോസ് എടുത്തവർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനാകും. രാജ്യത്തെ വാക്സിനേഷന്റെ വേഗവും കൂടും.