കേരളം
കോവിഡ് പശ്ചാത്തലത്തിൽ സ്കൂള്‍ തുറക്കുന്നത് എപ്പോൾ…; തീരുമാനം പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.കൊവിഡ് നിശബ്ദമാക്കിയ ഒരു വര്‍ഷത്തെ അനുഭവം തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്കുന്ന സൂചന.
സ്കൂള്‍ കോളേജ് കവാടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത അധ്യയന വര്‍ഷവും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആയി തുടരുന്നതിനുള്ള ക്രമീകരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏതാണ്ട് പൂര്‍ത്തിയാക്കി.
പാഠപുസ്തകങ്ങള്‍ നേരത്തേ തന്നെ അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എടുക്കാവുന്ന തരത്തില്‍ നല്കി കഴിഞ്ഞു. ഇതു സംബന്ധിച്ച് അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകള് നല്‍കുന്നത് കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നയപരമായ തീരുമാനം ആയതിനാല്‍ അടുത്ത മന്ത്രിസഭ വരട്ടെ എന്നാണ് സര്‍ക്കാര്‍ തലത്തിലെ തത്വത്തിലെ തീരുമാനം.
പുതിയ അധ്യയന വര്‍ഷം എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടി വരിക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൂടി പരിശോധിച്ചാവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ തുടരാനാണ് സാധ്യത. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.