കേരളം
മഗ്‍രിബ് ബാങ്ക് വിളിച്ചപ്പോൾ ക്ഷേത്രമുറ്റത്ത് ഒത്തുചേർന്ന് നോമ്പുതുറ; കായംകുളത്ത് നിന്നൊരു റിയൽ കേരള സ്റ്റോറി
മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതി കായംകുളം കണ്ടല്ലൂർ പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ മുസ്ലിം ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നോമ്പുതുറക്കാൻ ക്ഷേത്രത്തിലെത്തി.
റമദാൻ മാസത്തിൽ കണ്ടല്ലൂർ ഗ്രാമം നൽകിയ മഹത്തായ സന്ദേശമായിരുന്നു ഈ ഇഫ്താർ സംഗമം. ഈന്തപ്പഴം, പഴവർഗങ്ങള്‍, ലഘുഭക്ഷണങ്ങള്‍, നോമ്പുകഞ്ഞി, പായസം എന്നിങ്ങനെ തീൻമേശകളിൽ നിറഞ്ഞു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് നോമ്പുതുറക്കാൻ എത്തിച്ചേർന്നത്. കണ്ടല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ മഗ്‍രിബ് ബാങ്ക് വിളിച്ചതോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നവർ ഒരേ മനസ്സോടെ ഒരു ദിവസത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ചു.
ക്ഷേത്രം തന്ത്രി ശിവശർമൻ, ജമാഅത്ത് ഇമാം അബ്ദുൾ റഷീദ് ബാഖഫി എന്നിവർ മതസൌഹാർദ സന്ദേശം നൽകി. ഈ നാട്ടിൽ എല്ലാവരും മാലയിൽ കോർത്ത മുത്തുകള്‍ പോലെ ഒന്നിച്ചുപോവേണ്ട സമയമാണ്. അമ്പല കമ്മിറ്റിയുടെ ക്ഷണം ജമാഅത്ത് കമ്മിറ്റി സന്തോഷപൂർവം സ്വീകരിക്കുകയും ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ലാതെ എല്ലാവരും ഒന്നിച്ചുകൂടുകയും ചെയ്തെന്ന് ഇരുവരും പറഞ്ഞു. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സൌഹാർദത്തോടെ, സമാധാനത്തോടെ, ശാന്തിയോടെ ഒന്നിച്ചുജീവിക്കാനാണെന്ന് മുഖ്യ ഇമാം അബ്ദുൾ റഷീദ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.