Technology
മൈക്രോസോഫ്റ്റ് വിൻഡോസിന് യഥാർഥത്തിൽ സംഭവിച്ചതെന്ത്? ക്രൗഡ്സ്ട്രൈക് അപ്ഡേഷൻ!
മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് വെള്ളിയാഴ്ച പുലർച്ചെ പണിമുടക്കിയത്. നിശ്ചലമായ നീല സ്ക്രീൻ ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും വലിയ രീതിയിൽ ബാധിച്ചു. അപ്ഡേഷൻ കാണിച്ച് ഓണാവുന്ന സ്ക്രീനുകൾ ഏറെ നേരം മാറ്റമില്ലാതെ തുടരുകയും, തനിയെ ഷട്ട്ഡൗൺ ആവുകയും ചെയ്യുന്നതായിരുന്നു പ്രശ്നം. വിമാനത്താവളങ്ങളിൽ കമ്പ്യൂട്ടറുകൾ നിശ്ചലമായത് ചെക്ക്-ഇൻ പ്രവർത്തനങ്ങളെ വരെ ബാധിച്ചു. പ്രശ്നം പരിഹരിക്കാനാകാതെ വന്നതോടെ ചിലയിടത്ത് മാനുവൽ ചെക്ക്-ഇൻ ആണ് നടത്തിയത്.
വിന്‍ഡോസ് വര്‍ക്സ്റ്റേഷനുകളില്‍ ഡെത്ത് എററിനെ സൂചിപ്പിക്കുന്ന നീല സ്‌ക്രീനിനെ ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്ഡേഷൻ പൂർത്തിയാകുന്നതുവരെ കമ്പ്യൂട്ടറിൽ ഒന്നും ചെയ്യാനാകില്ല. ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി അവതാളത്തിലാകുമെന്ന് സാരം. സാങ്കേതിക തകരാര്‍ ഏറ്റവും പുതിയ ക്രൗഡ്സ്ട്രൈക് അപ്ഡേറ്റ് കാരണമാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്സ്ട്രൈക് നൽകിയ അപ്ഡേറ്റാണ് വിൻഡോസിൽ തകരാറുണ്ടാക്കിയത്.
അസുർ ക്ലൗഡ് പ്ലാറ്റ്‌ഫോമിനുള്ളിലെ കോൺഫിഗറേഷനിൽ വരുത്തിയ മാറ്റം ഓപറേറ്റിങ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് ഓഫിസ് 365ന്റെ കാര്യക്ഷമത കൂട്ടാനായാണ് അപ്ഡേഷൻ നടത്തിയത്. എന്നാൽ ഈ മാറ്റം സ്റ്റോറേജും കമ്പ്യൂട്ടിങ് സോഴ്സുകളും തമ്മിലുള്ള ആശയവിനിമയത്തിൽ തകരാറുണ്ടാക്കുകയും കണക്റ്റിവിറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. പ്രശ്നം തിരിച്ചറിഞ്ഞതോടെ, പുതിയ അപ്ഡേഷൻ ഒഴിവാക്കുകയും മൈക്രോസോഫ്റ്റ് ഓഫിസ് പഴയപടി ആക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ഉപയോക്താക്കൾക്ക് വൺഡ്രൈവിലും പ്രശ്നം വന്നതായി പറയപ്പെടുന്നു. 16 ശതമാനം ആളുകൾ സെർവർ പ്രശ്നങ്ങളാണ് പറയുന്നത്. എക്സ്ബോക്സ് ലൈവ് സേവനങ്ങളെയും പ്രശ്നം ബാധിക്കപ്പെട്ടതായി ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്തു. വിൻഡോസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഗുരുതര പ്രശ്നമുണ്ടാവുമ്പോഴാണ് നീല നിറത്തിലുള്ള സ്ക്രീനും അതിനൊപ്പം മുന്നറിയിപ്പ് സന്ദേശവും പ്രത്യക്ഷപ്പെടാറ്. നിലവിൽ വ്യാപകമായി ഇത്തരം പ്രശ്നമുണ്ടായെന്നാണ് യൂസർമാർ പരാതിപ്പെട്ടത്.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. യു.എസ്, ന്യൂസിലാൻഡ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ വിമാന സർവീസും മൈക്രോസോഫ്റ്റ് തകരാറിൽ കുടുങ്ങി. ആഗോളതലത്തിൽ ആംസ്റ്റർഡാം, ബെർലിൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, വാർത്താ ചാനലായ സ്കൈ ന്യൂസ് എന്നിവയും പ്രവർത്തനവും അവതാളത്തിലായി. ആശുപത്രികളുടെ പ്രവർത്തനവും യു.കെയിൽ തടസപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്കുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും ടെലി കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ കംപ്യൂട്ടര്‍ പ്രശ്‌നം ബാധിച്ചു. ന്യൂസിലന്‍ഡിലും സമാന സ്ഥിതിയാണ്. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിനേയും പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസ് സംപ്രേഷണം നിര്‍ത്തിവെച്ചു. ബ്രിട്ടനില്‍ റെയില്‍ ഗതാഗതത്തിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബ്രിട്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യൂറോപ്പില്‍ ബര്‍ലിന്‍, ആസ്റ്റര്‍ഡാം വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചു.
ഇന്ത്യയില്‍ ഇന്‍ഡിഗോ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക്-ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍. പല വിമാനക്കമ്പനികളും ബോർഡിങ്ങ് പാസ് എഴുതിയാണ് നൽകുന്നത്. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
സൈബർ ആക്രമണങ്ങളിൽനിന്ന് കമ്പ്യൂട്ടറുകളെ സംരക്ഷിക്കാൻ വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്. കമ്പനിയുടെ ഫാൽകൻ എന്ന ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോം എൻഡ്‌പോയിൻ്റ് സുരക്ഷയും ക്ലൗഡ് വർക്ക്‌ലോഡ് പരിരക്ഷയും നൽകുന്നു. സൈബർ ആക്രമണങ്ങൾ അന്വേഷിക്കാനും ക്രൗഡ്‌സ്ട്രൈക്കിന്റെ സേവനം തേടാറുണ്ട്. എന്നാൽ ലോകത്തെയാകെ ബാധിച്ച ബ്ലൂ സ്ക്രീൻ ഡെത്ത് ക്രൗഡ്‌സ്ട്രൈക്കിനും തിരിച്ചടിയായി.