കേരളം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്; 11 ജില്ലകളിൽ യെല്ലോ അലർട്ട്
യാസ് ചുഴലിക്കാറ്റ് ദുർബലമായിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു 130 അടിയിലെത്തി. ഡാമിന്റെ വൃഷ്ടിപ്രാദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ പെയ്തിരുന്നു. നിലവിൽ ജലനിരപ്പ് സംബന്ധിച്ചു ആശങ്കകൾ ഇല്ല. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.