കേരളം
വീണ്ടും ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തുടർന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡീഷ വെസ്റ്റ്ബംഗാൾ തീരത്ത് മെയ് 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
കാലവർഷം വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും. ഇതിന്റെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
നിലവിൽ ഈപ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ മെയ് 23ഓടെ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ കേരളമില്ലെങ്കിലും ചൊവ്വാഴ്ച വരെ കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.