കേരളം
വീണ്ടും ന്യൂനമർദ്ദം ; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിൻ്റെ വരവ് നേരത്തെയാക്കാനും ഇടയാക്കും.
ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. ഇപ്പോഴത്തെ പ്രവചനമനുസരിച്ച് മേയ് 31ന് കാലവർഷം കേരളത്തിലെത്തും. മെയ് 23 ന് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുള്ളതായാണ് അറിയിപ്പ്.
അതേ സമയം ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മരണം 13 ആയി. മഹാരാഷ്ട്രയിൽ ആറു പേർ മരിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന പഞ്ചാബ് രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബോംബെ തീരത്ത് കടൽക്ഷോഭത്തിൽ മുങ്ങിയ പി 305 ബാർജിലെ 93 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.