കേരളം
ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു, വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും
ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളിൽ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ്. മഹാരാഷ്ട്രയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. നിലവിൽ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം.
അതേ സമയം ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭത്തിനും നാലര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
എന്നാൽ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല.