കേരളം
യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കലിലെ തീവ്രനൂനമർദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നിഗമനം.
ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളംവരെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും.
നാളെ തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് ജില്ലകൾക്കും കാസർകോടിനുമാണ് ജാഗ്രതാനിർദ്ദേശമുള്ളത്.