Covid 19
‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; ബംഗാളിനും ഒഡീഷയ്ക്കും ജാഗ്രതാ നിര്‍ദേശം
വ്യാപക നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാട്ടുകൂടി എത്തുന്നു. ‘യാസ്’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 08.30- ഓടുകൂടി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. മെയ് 23 രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാനാണു സാധ്യത.
ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
തുടര്‍ന്നും വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ തീരത്തിനുമിടയില്‍ എത്തിച്ചേര്‍ന്നു മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.