കേരളം
സംസ്ഥാനത്ത് കനത്ത മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളം കയറി. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
തൃശൂര്‍ ജില്ലയില്‍ മഴയില്‍ പരക്കെ നാശമുണ്ടായി. കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂര്‍ , വെള്ളയില്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കാസര്‍കോഡട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടി. ആളാപയമില്ല.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.
ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശമുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിയുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.