ആരോഗ്യം
അറിയാം കാടമുട്ട കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
കാടമുട്ടയെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങൾ കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കാടമുട്ട പ്രോട്ടീനാൽ സമ്പന്നമാണ്. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നു. കലോറി, പ്രോട്ടീൻ, വിറ്റാമിൻ എ, ബി 12, റൈബോഫ്ലേവിൻ, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ് എന്നിവ ഒരു കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു.
കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി എന്ന ഘടകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
മുട്ടയിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം അടക്കമുള്ള നിരവധി കാഴ്ച പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദയം, ശ്വാസകോശം, വൃക്കകൾ തുടങ്ങിയ അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ എ.
കോഴിമുട്ടയിൽ കാണപ്പെടാത്ത Ovomucoid എന്ന പ്രോട്ടീൻ കാടമുട്ടയിൽ ധാരാളമുണ്ട്. ഇതിൽ ആന്റി-ഇൻഫ്ലമേറ്ററിയും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.