Uncategorized
കുറുക്കൻമൂലയിൽ ഭീതി പടർത്തിയ കടുവയെ ഒടുവിൽ കണ്ടെത്തി
കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്ഒ എ ഷജ്ന അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ പറഞ്ഞു.
വൈകാതെ കടുവയ്ക്ക് മയക്കുവെടി വയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. വിദഗ്ധ സംഘം അവസരത്തിനായി കാത്തിരിക്കുകയാണ്. കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു. കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി.
രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.