കേരളം
സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക്; പനമരം സിഐയ്ക്ക് സ്ഥലംമാറ്റം
വയനാട് പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം വയനാട്ടില്‍ നിന്ന് പനമരം പൊലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫിസറായ എലിസബത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകിട്ട് മുതലാണ് കാണാതായത്. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ, റിട്ട. സിഐയായ വനിതാ സുഹൃത്തിന്റെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലേക്ക് മാറ്റി. എലിസബത്ത് ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ സൂചന. മേലുദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. എലിസബത്തിന് പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.