കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല.
പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിയ്ക്കാം.
മുണ്ടക്കൈയിൽ മാത്രം 400 അധികം വീടുകൾ പഞ്ചായത്തിന്റെ രജിസ്റ്ററിൽ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതിൽ 35-40 വീടുകൾ മാത്രമേ ബാക്കിയുള്ളൂ എന്നാണ് പറയുന്നത്. അതേസമയം, ബെയിലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനം ഒരു വശത്ത് നടക്കുമ്പോൾ മറുഭാഗത്ത് സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാൻ, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബർസ്ഥാൻ, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ർ സ്ഥാൻ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രണ്ടര മണിക്കൂറിനകം മേപ്പാടിയിൽ എത്തിക്കും.
ഇന്നലെ രാത്രി നിർത്തിയ രക്ഷാപ്രവർത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.