Uncategorized
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.5 അടിയായി വർധിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.5 അടിയായി വർധിച്ചു. നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിൽ 141 അടിയാണ് അപ്പർ റൂൾകർവ്. നിലവിൽ ഇവിടെ ഒഴുകിയെത്തുന്ന ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 2300 ഘന അടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ജലനിരപ്പ് 141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകളിലൂടെ തുറന്നുവിടുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. ഇടുക്കിയിൽ 2399.16 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ 12 മണിക്കൂറിലധികമായി ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. ഒഴുകിയെത്തുന്ന ജലം രണ്ട് അണക്കെട്ടുകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുണ്ട്.