കേരളം
‘ബിജെപിക്ക് ദാനം ചെയ്യാന്‍ പോറ്റി വളര്ത്തുകയായിരുന്നോ?’ കോണ്‍ഗ്രസ് രണ്ട് തരമെന്ന് മുഖ്യമന്ത്രി
എല്ലിന് കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്നുനില്ക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി രഘുനാഥ്, പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി എന്നിവരുടെ ബിജെപി പ്രവേശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. ഏത് കോണ്‍ഗ്രസുകാരനോ കോണ്‍ഗ്രസുകാരിയോ ബിജെപിയില്‍ എപ്പോള്‍ പോകുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. നിന്നനില്‍പ്പില്‍ വര്‍ഗീയത അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. ബിജെപിക്കെതിരായ സമരം മാത്രമല്ല ഈ തിരഞ്ഞെടുപ്പ്, അവസരവാദികള്‍ക്കെതിരെ കൂടി ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവസരവാദികളെ പരാജയപ്പെടുത്തണം. ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞതാണ്. എന്ത് കളി കളിച്ചാലും കേരളത്തിന്റെ മനസ്സ് ബിജെപിക്കൊപ്പം നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
‘എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയിലേക്ക് പോകും എന്ന് പറഞ്ഞ ചിലര്‍ ഇല്ലേ. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് പറഞ്ഞവര്‍ ഇല്ലേ. എന്തൊക്കെയാണ് ഇവിടെ കാണുന്നത്.’ എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിക്ക് ദാനം ചെയ്യാന്‍ പോറ്റി വളര്ത്തുകയായിരുന്നോയെന്ന് അനില്‍ ആന്റണിയുടെയും പത്മജയുടെയും ബിജെപി പ്രവേശനം ചൂണ്ടികാട്ടി മുഖ്യമന്ത്രി ചോദിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നരേന്ദ്രമോദി പ്രശംസയെയും പിണറായി വിജയന് വിമര്‍ശിച്ചു. കുറച്ചുദിവസം മുമ്പ് കോണ്‍ഗ്രസ് ഒരു യാത്ര നടത്തി. അര്ത്ഥത്തിനനുസരിച്ചായിരുന്നില്ല യാത്രയുടെ പേര്. ഒടുവില്‍ തമ്മിലടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാപനത്തിനെത്തിയത് തെലങ്കാന മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇവിടെ വന്ന് തെലങ്കാനയിലേക്ക് തിരിച്ചുപോയി. അവിടെ എത്തി ആദ്യം പറഞ്ഞത് നരേന്ദ്രമോദി വല്ല്യേട്ടനെപോലെയാണെന്നാണ്. പ്രതിപക്ഷനേതാവിന് നാണം ഉണ്ടോ? പ്രധാനമന്ത്രിയെ താന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചപ്പോള്‍ കൈകൂപ്പി വണങ്ങി. അതിനെ എങ്ങനെയൊക്കെയാണ് ചിത്രീകരിച്ചത്. അതൊരു സ്വഭാവിക നടപടിയായിരിന്നു. തെലങ്കാനയെ ഗുജറാത്ത് മോഡലില്‍ വികസിപ്പിക്കണമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. പിന്നെ എന്താണ് ബിജെപിയുമായും മോദിയുമായും കോണ്‍ഗ്രസിനുള്ള നയവ്യത്യാസമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ രണ്ട് തരത്തിലുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചാടിപോകുന്ന ഒരു വിഭാഗം, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം. എപ്പോള്‍ വേണമെങ്കിലും ഇക്കൂട്ടര്‍ ചാടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.