കേരളം
ജാഗ്രത വേണം; മെയ് പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 248 പേരാണ്. അതേസമയം, മെയ് പകുതിയോടെ സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ എട്ടു ജില്ലകളില്‍ ടി പി ആര് 25നു മുകളിലെത്തി.
രോഗ ബാധിതരുടെ എണ്ണം രണ്ടാഴ്ച കൂടി ഉയര്‍ന്നു നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം വരും ദിവസങ്ങളില്‍ തീവ്രമായേക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്.
തിരുവനന്തപുരത്ത് കിടത്തി ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പും ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഞായറാഴ്ച വരെയുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
അതേസമയം സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സീൻ എത്തി. കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. എത്തിയ വാക്സീൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് ഇന്ന് കൈമാറും.