കേരളം
വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി
വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കീഴ്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ അംഗീകരിച്ചു. 4 പ്രതികളും ജനുവരി 20നു മുൻപ് കീഴടങ്ങണം.
പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാറും കുട്ടികളുടെ മാതാവും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
നാലു പ്രതികളും 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
പോക്സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അപ്പീൽ നൽകിയത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് നാല് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. തുടരന്വേഷണത്തിന് തയാറാണെന്നും അറിയിച്ചിരുന്നു. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുന്നത്.
വാളയാറില്‍ 13വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും സഹോദരിമാരാണ്. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രതിയായിരുന്ന പ്രദീപിനെ നവംബറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുന്‍പു വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എല്ലാസഹായവും വാഗ്ദാനം ചെയ്ത ശേഷം അവസാനം വഞ്ചിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഭരണകക്ഷി നേതാക്കളുള്‍പ്പെടെ ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന ആക്ഷേപമുയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു.