Uncategorized
സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു
പ്രമുഖ സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.
പ്രമുഖ വ്യവസായിയായിരുന്ന ഗംഗാധരന്‍, എഐസിസി അംഗവുമായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒട്ടേറെ പ്രമുഖ സിനിമകൾ നിര്‍മ്മിച്ചിരുന്നു.
ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു വടക്കന്‍ വീരഗാഥ അടക്കമുള്ള സിനിമകളുടെ നിര്‍മ്മാതാവാണ്. അങ്ങാടി, അച്ചുവിന്റെ അമ്മ, ഏകലവ്യന്‍, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ്.
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന പിവി ഗംഗാധരന്‍ 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കെഎസ് യുവിലൂടെയാണ് ഗംഗാധരന്‍ രാഷ്ട്രീയത്തിലെത്തുന്നത്. മാതൃഭൂമിയുടെ മുഴുന്‍ സമയ ഡയറക്ടറാണ്.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ പി വി സാമിയുടേയും മാധവിയുടേയും മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ ജ്യേഷ്ഠ സഹോദരനാണ്.