കേരളം
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്
കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തികരിക്കാനാവൂ എന്നും ഇതുവരെ കരാർ കാലാവധി നീട്ടി നൽകണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.
ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് 2015-ൽ കരാർ ഒപ്പിടുമ്പോൾ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാർത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോർട്ട്സും സംസ്ഥാന സർക്കാരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ നിർമ്മാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സർക്കാർ തലത്തിലെ ഇപ്പോഴത്തെ ആലോചന.
കരാറുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ആദ്യം അനുരജ്ഞചർച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൺ ട്രൈബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നു.
3100 മീറ്റർ നീളത്തിലുള്ള പുലിമൂട്ടാണ് വിഴിഞ്ഞത് വേണ്ടത് ഇതിൽ 850 മീറ്റർ മാത്രമാണ് ഇത്ര വർഷം കൊണ്ട് പൂർത്തിയായത്. 2023-ഓടെ പുലിമൂട്ട് നിർമ്മാണം പൂർത്തിയാക്കാനാവും എന്നാണ് അദാനി ഗ്രൂപ്പിൻ്റെ കണക്കുകൂട്ടൽ.
തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ പ്രതികരണം –
അദാനി ഗ്രൂപ്പ് പലകാരണങ്ങൾ പലപ്പോഴായി പദ്ധതി നീട്ടികൊണ്ടു പോകുകയാണ്. രണ്ട് വർഷത്തിനകം കരാർ പൂർത്തിയാക്കാൻ അവർക്ക് 2019-ൽ തന്നെ അന്ത്യശാസനം നൽകിയാണ്. നേരത്തെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ക്വാറികളിൽ നിന്നും ആവശ്യമായ കല്ലുകൾ കിട്ടുന്നില്ലെന്ന പരാതി അവർ ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് തമിഴ്നാട്ടിൽ നിന്നും അവർക്ക് ആവശ്യമായ പാറയും കല്ലും എത്തിച്ചു കൊടുത്തതാണ്. അവരുടെ എല്ലാ പരാതികളും അപ്പപ്പോൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്തതാണ്.