കേരളം
വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം; പൊലീസ് ബാരിക്കേഡുകള്‍ കലടിലെറിഞ്ഞ് പ്രതിഷേധക്കാര്‍
വിഴിഞ്ഞത്ത് പ്രതിഷേധം കത്തുന്നു. കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനത്തിലെത്തിയിരിക്കുകയാണ്. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം.
രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കുകയാണ്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.
ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടത്തും. മുതലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു.