കേരളം
‘വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം’; വിഴിഞ്ഞം പോർട്ടിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻറെ നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി രാജീവും അഹമ്മദ് ദേവർ കോവിലും ചടങ്ങിൽ പങ്കെടുത്തു.
വിഴിഞ്ഞത്ത് അടുത്ത മാസം 4 ന് ആദ്യ കപ്പലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനന്തസാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീണ്ടനാളത്തെ സ്വപ്നത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ് തുറമുഖമെന്ന് മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗതി വരും. അദാനി കമ്പനി ഒരു നിശ്ചിത കാലത്തേക്ക് സർക്കാർ നിശ്ചയിച്ച നടത്തിപ്പുക്കാർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരത്തിന്റെ എല്ലാ മേഖലയിലുള്ള വികസനത്തിനും വിഴിഞ്ഞം തുറമുഖം വഴിവയ്ക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം പി.പിപി മോഡലാണ്. ഇതിൽ ആദ്യ പി പബ്ലിക് ആണെന്നും ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.