കേരളം
വിസ്മയ കേസ്; കിരൺ കുമാറിന്റെ ശിക്ഷാവിധി ഇന്ന്
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിൻറെ ശിക്ഷാ വിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച കിരൺ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തൽ.
സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ പ്രോസിക്യൂഷൻ ചുമത്തിയ അഞ്ച് കുറ്റങ്ങൾ കിരൺ ചെയ്തതായി കോടതി കണ്ടെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയും തമ്മിൽ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. ജീവപര്യന്തം ശിക്ഷ നൽകണം എന്നാവും പ്രോസിക്യൂഷൻ വാദം.
പ്രായം പരിഗണിച്ച് ശിക്ഷ പരമാവധി കുറച്ച് നൽകണം എന്നാണ് പ്രതിഭാഗം വാദിക്കുക. 498 എ ഗാർഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ജാമ്യം റദാക്കിയതിനെ തുടർന്ന് കൊല്ലം സബ് ജയിലിൽ കഴിയുന്ന കിരൺ കുമാറിനെ കോടതിയിൽ എത്തിക്കും.