Connect with us

Crime

സാധാരണക്കാരുടെ നിസഹായവസ്ഥ മുതലെടുത്തു; സുരേഷ് മറ്റാര്‍ക്കും പണം കൈമാറിയതായി തെളിവില്ല

Published

on

പാലക്കയം വില്ലേജ് ഓഫിസിലെ അസിസ്റ്റന്റിന്‍റെ കൈക്കൂലിക്കേസില്‍ മറ്റ് ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് വിവരം. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും പണം കൈമാറിയതായി ഇതുവരെ തെളിവില്ല. പ്രതിയായ സുരേഷ് കുമാറിന്റേത് ഉൾപ്പെടെയുള്ള ഫോണ്‍ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു. ബന്ധുക്കള്‍ക്കു പോലും പണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തി.

കേസിൽ അറസ്റ്റിലായ സുരേഷ് കുമാര്‍ ആരോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വരുത്താന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു.

അതേസമയം, സുരേഷ് കുമാർ കണക്കു പറഞ്ഞാണ് കൈക്കൂലി വാങ്ങിയിരുന്നതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. 500 മുതൽ 10,000 രൂപ വരെയാണു പലരിൽ നിന്നും കൈപ്പറ്റിയത്. അപേക്ഷ നൽകിയാൽ പണം നൽകാതെ കാര്യം നടക്കില്ല. അപേക്ഷ നൽകി ദിവസങ്ങളോളം അപേക്ഷകനെ നടത്തിക്കും. എന്താ ചെയ്യേണ്ടതെന്ന് ഗത്യന്തരമില്ലാതെ ചോദിക്കുമ്പോൾ തുകയുടെ കണക്കു പറയും. പറഞ്ഞ തുക നൽകിയാൽ ദിവസങ്ങൾക്കകം സേവനം റെഡി. ഇതാണു സുരേഷ് കുമാറിന്റെ രീതി.

കാര്യം നടക്കാൻ കെട്ടുതാലി പണയം വച്ചാണെങ്കിലും ആളുകൾ പണം കൊടുക്കും. മലമുകളിൽ നിന്ന് ഒരു തവണ വില്ലേജ് ഓഫിസിലെത്താൻ ഒരു വശത്തേക്ക് ഓട്ടോറിക്ഷയ്ക്ക് 250 രൂപ നൽകണം.തിരിച്ചു പോകാനും അത്രതന്നെ തുക വേണം. ഇങ്ങനെ പലതവണ വന്നു പോകുന്ന കാശ് സുരേഷിനു കൊടുത്താൽ കാര്യം നടക്കുമെങ്കിൽ അതല്ലേ നല്ലതെന്നു തങ്ങളും കരുതിയെന്നു നാട്ടുകാർ പറയുന്നു.

ചിലരെങ്കിലും പ്രതിഷേധിക്കുകയും കൈക്കൂലിക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ചെലവു കുറവാണെന്നും ശമ്പളം അധികം ചെലവഴിക്കാറില്ലെന്നുമാണു പണം കണ്ടെത്തിയതിനെക്കുറിച്ചു സുരേഷ് കുമാർ മൊഴി നൽകിയത്.

Advertisement