കേരളം
കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു
കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സസ്പെൻഷൻ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 14 ദിവസത്തേക്കാണ് സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തത്.
അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റും. കൈക്കൂലി തടയാൻ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരും. മൂന്ന് വർഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവരെ മാറ്റും. അവനവൻ കൈക്കൂലി വാങ്ങാതിരിക്കുന്നതിനൊപ്പം മറ്റൊരാളെ കൊണ്ട് വാങ്ങിക്കാൻ പ്രേരിപ്പിക്കാതിരിക്കാനും നടപടിയെടുക്കും. സംഭവത്തിൽ റവന്യു വകുപ്പിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് വിജിലൻസ് പരിശോധന നടത്തിയിരുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിൻറെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്.
ആദ്യം ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും കണ്ടെടുത്തു.