കേരളം
പ്രതിഷേധിക്കുന്നത് കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെന്ന് വിജയരാഘവന്‍
പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സമരം ശക്തമാക്കി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ രംഗത്തെത്തി. കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് സമരം ചെയ്യുന്നതെന്നും നടക്കാത്ത കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
നേരത്തേയും സമരത്തിനെതിരായ നിലപാടായിരുന്നു സി പി എമ്മിന്റേത്. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ സൃഷ്ടിയാണ് സമരം എന്നായിരുന്നു അവരുടെ പ്രധാന വിവമര്‍ശനം.
ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വെളളിയാഴ്ച രാത്രി 11മണിമുതല്‍ ഒരുമണിവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശ് പുത്തലത്തും പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹനനും അസോസിയേഷനുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അതിനിടെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണനല്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനെയും കെ.എസ്.ശബരിനാഥന്‍ എം എല്‍ എയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.