കേരളം
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും. ഇക്കാരണം ചൂണ്ടിക്കാട്ടി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസ് നിലപാട്.
കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാൽ വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യങ്ങളിലും റെഡ് കോര്‍ണര്‍ നോട്ടീസ് ബാധകമാണ്. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കും. ബുദ്ധിമുട്ടേറിയ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വിജയ്ബാബുവിന് പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.