കേരളം
മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് അന്തരിച്ചു
അര നൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തനം മേഖലയിൽ നിറസാന്നിധ്യമായിരുന്ന കെ എം റോയി അന്തരിച്ചു. 82 വയസായിരുന്നു. മാധ്യമ പ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന തല നേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാ ശാലിയായിരുന്ന കെ.എം റോയി ദീർഘ കാലം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
കോട്ടയം പ്രസ് ക്ലബ്ബിൻ്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർക്ക് ഗുരു തുല്യനാണ് കെ എം റോയി എന്ന റോയി സാർ. കേരള പ്രകാശത്തിലൂടെ മാധ്യമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. അതിൽ വന്ന ലേഖനങ്ങൾ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാർത്താഏജൻസിയായ യുഎൻഐയിലും റിപ്പോർട്ടറായി. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത്. മികച്ച പ്രഭാഷകനായി പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി.
രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്