കേരളം
‘വാക്കാലുള്ള അപമാനം കുറ്റകരം’; ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി
ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി. ഗവർണ്ണർ ഇന്നലെ ഓർഡിനൻസിൽ ഒപ്പിട്ടിരുന്നു. വിജ്ഞാപനം അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെ വാക്കാലുള്ള അപമാനം കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരം. അപമാനിച്ചാൽ മൂന്ന് മാസം വരെ വെറും തടവോ പതിനായിരം രൂപ പിഴയോ ശിക്ഷ ലഭിക്കും.
നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.