കേരളം
ഡോക്ടർമാർക്കെതിരായ അതിക്രമം; ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ സാങ്കേതിക പിഴവെന്ന് ആരോഗ്യ മന്ത്രി
ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രേഖാമൂലമുള്ള മറുപടിയിൽ അക്രമം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഉത്തരം തിരുത്തി നൽകിയിരുന്നു. രണ്ട് വിഭാഗങ്ങൾക്ക് പറ്റിയ പിഴവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് സെക്ഷനുകൾക്ക് ഇടയിൽ ചോദ്യം വന്നപ്പോൾ ഉണ്ടായ ആശയക്കുഴപ്പം ആണ്. സർക്കാർ നിലപാട് വ്യക്തമാണ്. ഒരു തരത്തിലും അതിക്രമങ്ങൾ ന്യായീകരിക്കില്ല. ഇത് സഭയിൽ തന്നെ അറിയിച്ചിട്ടുള്ളതാണ്. സാങ്കേതിക പിശക് ആണ് ഉത്തരത്തിൽ സംഭവിച്ചതെന്നും മന്ത്രി ആവർത്തിച്ചു.
രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിശദീകരണം. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതു നിര്‍ദേശങ്ങള്‍ നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും.
സി.സി.ടി.വി. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്. ഒ.പി., കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതല്‍ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രം നിയമിക്കുന്നതാണ്.