കേരളം
‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’; ബെന്യാമിന് വയലാര്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സാഹിത്യകാരന് ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിച്ച ശില്പവുമാണ് അവാര്‍ഡ്.
വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും. കെ ആര് മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണികൃഷ്ണന് എന്നിവരായിരുന്നു ജഡ്ജിങ് കമിറ്റി അംഗങ്ങള്‍.ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വയലാര്‍ ഗാനാഞ്ജലിയും ഉണ്ടായിരിക്കും.
മദ്രാസിലെ ആശാന് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് വര്‍ഷം തോറും 5000/- രൂപയുടെ സ്കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. ആ സ്കോളര്‍ഷിപ്പും ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്
‘അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍’ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ബെന്യാമിന് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എഴുതിയത്. മലങ്കര സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും പരിണാമങ്ങളുമാണ് നോവലിലെ പ്രതിപാദ്യ വിഷയം.