കേരളം
കൂടുതൽ ജനപ്രിയമാകാൻ വന്ദേഭാരത് ട്രെയിനുകൾ
കൂടുതൽ ജനപ്രിയമാകാൻ വന്ദേഭാരത് ട്രെയിനുകൾ. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കും. ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ നേട്ടമായിരിക്കുമെന്നും ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷം ഞങ്ങൾ വന്ദേ മെട്രോയും ആരംഭിക്കും. 22 കോച്ചുകളുള്ള നോൺ എസി പുഷ്-പുൾ ട്രെയിനും ഈ വർഷം ആരംഭിക്കും. ഇത്തരം ട്രെയിനുകൾ ഒക്‌ടോബർ 31ന് മുമ്പ് സർവീസ് തുടങ്ങുമെന്നും മല്യ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ദില്ലിക്കും വാരണാസിക്കും ഇടയിൽ 2019 ഫെബ്രുവരി 15നാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നത്.
കേരളത്തിലേക്ക് പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തിയേ്കും. പുതിയ വന്ദേ ഭാരത് ഉടൻ എത്തുമെന്ന് കോഴിക്കോട് എംപി എം കെ രാഘവൻ അറിയിച്ചിരുന്നു. മംഗലാപുരം-തിരുവനന്തപുരം വരെയാകും സർവീസ്. ദക്ഷിണ റെയിൽവെയിൽ ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. കേരളത്തിലേക്ക് പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും എംപി വ്യക്തമാക്കി. നേരത്തെ രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ വന്ദേഭാരത് കേരളത്തിലേക്ക് തന്നെ എത്തുമെന്നും എംപി ഉറപ്പ് നൽകി. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു മുമ്പുണ്ടായ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി.