കേരളം
വന്ദേ ഭാരത് യാത്ര തുടങ്ങി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിലുണ്ട്. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവിസ്. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സതേണ്‍ എയര്‍ കമാന്‍ഡ് എ.വി.എസ്.എം. എയര്‍ മാര്‍ഷല്‍ എസ്.കെ. ഇന്‍ഡോറ തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കി.
10.50 ഓടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നേരെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. തുടര്‍ന്ന് വന്ദേഭാരത് ട്രെയിനിന് അകത്തേക്ക് മോദി കയറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി അല്‍പ്പനേരം സംവദിച്ചു. ഇതിനു ശേഷമായിരുന്നു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെ മോദി അഭിവാദ്യം ചെയ്തു.
നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അല്‍പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചു കൂടിയിരുന്നത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡരികില്‍ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്.
വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെർമിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് നാടിന് സമർപ്പിക്കുക.