കേരളം
പക്ഷിപ്പനി വീണ്ടും, താറാവുകളെ കൊന്നു തുടങ്ങി
വൈക്കം വെച്ചൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വെച്ചൂര്‍ കട്ടമട ഭാഗത്തെ താറാവുകളെ കൊന്നു സംസ്കരിച്ചു തുടങ്ങി. വെച്ചൂര്‍ നാലാം വാര്‍ഡില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാലിലെ ലാബിലേയ്ക്കയച്ച സാമ്പിളിന്റെ വിശദമായ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കോട്ടയംജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ ദ്രുത കര്‍മ സേനയുടെ മൂന്നു ഗ്രൂപ്പുകളാണ് താറാവുകളെ കൊന്ന് സംസ്കരിക്കുന്നത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തെ ഒരു കിലോമീറ്ററിനുള്ളിലെ പക്ഷികളെ കൊന്നൊടുക്കും. അതിനു ശേഷം ഒന്‍പതു കിലോമീറ്റര്‍ പരിധിയില്‍ 15 ദിവസത്തെ ഇടവേളകളില്‍ താറാവടക്കമുള്ള പക്ഷികളില്‍ പരിശോധന നടത്തും.
പരിശോധന മൂന്ന് മാസം തുടരും. പക്ഷിപനി സ്ഥിരീകരിക്കപ്പെട്ടാല്‍ ഈ പ്രദേശങ്ങളിലെ പക്ഷികളെയും കൊന്നു സംസ്കരിച്ചു രോഗ വ്യാപനം തടയും.
സംസ്കരിക്കുന്ന താറാവുകളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നത്. ഒരു ദിവസം കൊണ്ട് താറാവുകളെ കൊന്നു സംസ്കരിക്കുന്നതിനു കഴിയാത്ത സാഹചര്യത്തില്‍ അടുത്ത ദിവസവും നടപടി തുടരും.