കേരളം
വടകര കസ്റ്റഡിമരണം: രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
കോഴിക്കോട് വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ മാസം 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത്. വടകരയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസുകാര്‍ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇത് മരണത്തിന് കാരണമായെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.
സ്റ്റേഷനില്‍ വെച്ച് നെഞ്ചുവേദന എടുക്കുന്നു എന്നു പറഞ്ഞ സജീവനെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കാതിരുന്ന പൊലീസിന്റെ നടപടിയും ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു പൊലീസുകാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.