കേരളം
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം ; അടുത്ത മാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി മന്ത്രി
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം. ഒന്നാം ഡോസ് ലഭിച്ചവര്‍ 36.95 ശതമാനമെന്ന് സര്‍ക്കാര്‍. രണ്ടാം ഡോസ് ലഭിച്ചത് 16.01 ശതമാനത്തിനുമാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്തമാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് കൊടുക്കാനാകൂ. 20 ലക്ഷം രണ്ടാം ഡോസിന് വേണ്ടി വരും. ഒരു കോടിയിലേറെ പേര് വാക്സിന് കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യാൻ വാക്സിനില്ല. കൊച്ചിയിൽ ഇന്നത്തോടെ കോവീഷീൽഡ് വാക്സിന്റെ സ്റ്റോക്ക് തീരും. ഇന്ന് കേന്ദ്രത്തിൽ നിന്നും കൂടുതൽ വാക്സിൻ സംസ്ഥാനത്ത് എത്തിയില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണമായും അടച്ചിടേണ്ടിവരും.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ വാക്സിനേഷൻ വേഗത്തിലാക്കണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്. എന്നാൽ നൽകാൻ വാക്സിനില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തിരുവനന്തപുരത്ത് വാക്സിനേഷൻ പൂർണമായും നിലച്ചു. അതിനാൽ ഇന്ന് വാക്സിനേഷൻ ഇല്ല എന്ന അറിയിപ്പും ജില്ലാ മെഡിക്കൽ ഓഫീസർ നൽകി.
കൊച്ചിയിൽ ഇന്നത്തോടെ കോവീഷീൽഡ് സ്റ്റോക്ക് പൂർണമായും തീരും. ഇന്ന് നൽകാനുള്ള 12000 ഡോസ് മാത്രമാണുള്ളത്. 5000 ഡോസ് കൊവാക്സിനും. കോഴിക്കോട് കോവീഷീൽഡ് സ്റ്റോക്കില്ല. ആകെ ഉള്ളത് 8000 കൊവാക്സിന്റെ രണ്ടാമത്തെ ഡോസ് മാത്രം. ഇന്ന് കൂടുതല്‍ വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന് അനിശ്ചിതത്വത്തിലാകും. ഏറ്റവും ഒടുവിലായി സംസ്ഥാനം ആവശ്യപ്പെട്ട 90 ലക്ഷം ഡോസ് വാക്സിനിൽ ഇതുവരെ ലഭിച്ചത് 15 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ്.
കഴിഞ്ഞ ആഴ്ചയിൽ മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന് നല്‍കിയത്. ശനിയാഴ്ച മാത്രം നാലര ലക്ഷത്തിന് മുകളില്‍ വാക്സിന് നൽകിയും റെക്കോർഡിട്ടിരുന്നു. എന്നാൽ ഇനി വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ കേന്ദ്രം കനിയണം.