കേരളം
തിരുവനന്തപുരം ജില്ലയിൽ വാക്‌സിൻ ക്ഷാമം
തിരുവനന്തപുരം ജില്ലയിൽ വാക്‌സിന് ക്ഷാമമെന്ന് റിപ്പോർട്ട്. ഇതോടെ സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം താത്ക്കാലികമായി നിർത്തിവെച്ചു. മെഗാ വാക്‌സിൻ ക്യാമ്പുകളിൽ അനർഹരെ തിരുകി കയറ്റുന്നുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ മുതിർന്ന പൗരൻമാർ ഉൾപ്പെടെ വാക്‌സിൻ ലഭിക്കാതെ മടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാനാണ് നിർദ്ദേശം ലഭിച്ചത്. ഇത്തരത്തിൽ അർഹരായവർ വാക്‌സിൻ ലഭിക്കാതെ മടങ്ങിയപ്പോൾ അനർഹരായവർ വാക്‌സിൻ കേന്ദ്രത്തിൽ തടസങ്ങളില്ലാതെ വാക്‌സിൻ സ്വീകരിക്കുന്നതായി പരാതി ഉയർന്നിരുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിലുൾപ്പെടെ നടത്തിയ മെഗാ വാക്‌സിൻ ക്യാമ്പുകളിൽ നിരവധിയാളുകളാണ് അനധികൃതമായി കയറിപ്പറ്റിയത്. അധികൃതർ ഇവർക്ക് നേരെ കണ്ണടക്കുന്നു എന്ന ആരോപണവും ശക്തമാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് ഭൂരിഭാഗം ആളുകളും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നത്. 37,000ത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആകെ എണ്ണമെന്നിരിക്കെ 60,000ത്തിൽ അധികം ആളുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും വാക്‌സിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. കോഴിക്കോട് 400ന് പകരം നൽകുന്നത് 100 ഡോസുകൾ മാത്രമാണ്. ക്ഷാമം നേരിട്ടതോടെ സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വാക്‌സിൻ എത്തുന്നതോടെ നിയന്ത്രണം പിൻവലിക്കും