കേരളം
വാക്സിന് ചലഞ്ച് ഏറ്റെടുത്ത് എൽഡിഎഫ്; 28ന് കേന്ദ്രത്തിനെതിരെ പ്രതിഷേധം
വാക്സിന് നയം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. ജനങ്ങള്‍ക്ക് പ്രാണവായു ലഭിക്കാന്‍ കോടതി പോലും ഇടപെടേണ്ട അവസ്ഥയാണുള്ളത്. കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരന് വാക്സിന് വില കൊടുത്ത് വാങ്ങണമെന്ന് പറഞ്ഞത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രത്തിന്റെ നയമാണ് മുരളീധരന് പറഞ്ഞത്. രാജ്യവിരുദ്ധ തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ ഏപ്രിൽ 28ന് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കും. വാക്സിന് ചലഞ്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വാക്സിന് ചലഞ്ച് ഏറ്റെടുക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
വാക്സിൻ ചലഞ്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ ബാധ്യതയാണ്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി അഭ്യർത്ഥിച്ചു.