കേരളം
പാർശ്വഫലങ്ങളില്ലാതെ സംസ്ഥാനത്ത് വാക്സിനേഷൻ
സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസങ്ങളിലാകും വാക്സിൻ നൽകുക. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിന് പുറമേ ജനറൽ ആശുപത്രിയെയും വാക്സിനേഷൻ സെന്റർ ആക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ ആശങ്ക ഏറുകയാണ്.
കൊറോണ വാക്സിൻ സ്വീകരിച്ച ശേഷം ഉത്തരേന്ത്യയിൽ ചിലർ മരിച്ചു എന്ന വ്യാജ വാർത്തകൾ വാക്സിനേഷൻ ആരംഭിക്കും മുൻപേ സംസ്ഥാനത്ത് പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന തിരിച്ചറിവോടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിക്കാൻ ആവേശപൂർവ്വം രംഗത്തുവരികയാണ്.
സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവർക്കാർക്കും യാതൊരു പാർശ്വ ഫലങ്ങളുമുണ്ടായിട്ടില്ല.
വാക്സിനേഷനായി സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. തിങ്കൾ, ചൊവ്വ, വ്യാഴം ,വെള്ളി ദിവസങ്ങളിലാകും വാക്സിൻ നൽകുക. ബുധനാഴ്ച കുട്ടികൾക്കുള്ള മറ്റ് വാക്സിൻ നൽകുന്ന ദിവസമായതിനാൽ ഒഴിവാക്കി. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും നാളെ മുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും.
സംസ്ഥാനത്ത് ആദ്യ ദിനം 133 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതം വാക്സിൻ നൽകാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും 8062 പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. അറിയിപ്പ് കൃത്യസമയത്ത് ലഭിക്കാത്തതും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കൊറോണ രോഗികളെയും ഒഴിവാക്കിയതും എണ്ണം കുറയാൻ കാരണമായി.
വാക്സിൻ നൽകുന്നതിനുള്ള രണ്ടാം ഘട്ട രജിസ്ട്രേഷനും സംസ്ഥാനത്ത് പൂർത്തിയായി. വിവിധ സേനാംഗങ്ങൾ, പോലീസുകാർ, റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്. എട്ടിലേക്ക് താഴ്ന്ന ടിപിആർ 10ലേക്ക് അടുക്കുകയാണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 10 പേർ കേരളത്തിൽ കോറോണ ബാധിതരാകുകയാണ്.